അമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയ; ബാബ രാംദേവിനെ പോലുള്ളർക്ക് അധോലോകവുമുണ്ട്; മതത്തിന്റെ പേരിൽ ആർ.എസ്.എസിന് വിവേകം നഷ്ടപ്പെട്ടു; പരിവാറിനെതിരെ വിമർശനവുമായി മുൻ സംസ്ഥാന ബൗദ്ധിക് പ്രമുഖ്; സോമശേഖരന്റെ വാക്കുകൾ ചർച്ചയാകുന്നു
കൊച്ചി: ആർ.എസ്.എസ് നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ബൗദ്ധിക് പ്രമുഖ് സോമശേഖരൻ. മതത്തിന്റെ പേരിൽ ആർ.എസ്.എസിന് വിവേകം നഷ്ടപ്പെട്ടെന്നും ഇത് സംഘടനയുടെ തകർച്ചയ്ക്കു വഴിവെക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൈരളി പീപ്പിളിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ദീർഘകാലം ആർ.എസ്.എസിന്റെ സംസ്ഥാന ബൗദ്ധിക് പ്രമുഖും സംഘടനയുടെ മുഖപത്രമായ കേസരിയുടെ പത്രാധിപരുമായിരുന്നു സോമശേഖരൻ.
മതത്തിന്റെ പേരിൽ വിവേകം നഷ്ടപ്പെടുന്നത് ചീത്തലക്ഷണമാണ്. ആർ.എസ്.എസിന്റെ നിലപാടുകളെല്ലാം ശുദ്ധ അസംബന്ധമാണ്. ആർ.എസ്.എസിൽ ആൾദൈവങ്ങളോടുള്ള സ്നേഹം വർധിക്കുകയാണ്. ആൾദൈവങ്ങളുടെ പിടിയിൽ അമരുകയാണ് സംഘപരിവാർ. ദൈവത്തിനു അടുത്ത ആളുകളാണ് എന്ന് പറയുന്നവർ മനോരോഗത്തിന്റെ ലക്ഷണമുള്ളവരാണ്.
ഇത്തരം നിലപാടുകളെല്ലാം ആർ.എസ്.എസിന്റെ തകർച്ചയ്ക്കു വഴിവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മനസിൽ ചാപല്യമുള്ളവരെ ആൾദൈവങ്ങളുടെ പിറകേ പോകുന്നതിൽ നിന്ന് പ്രാദേശിക നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കണം. ആർ.എസ്.എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം നിലപാടുകൾ എന്നും സോമശേഖരൻ വ്യക്തമാക്കി.
കഴിഞ്ഞദിവസം മീഡിയവൺ ചാനലിനു നൽകിയ അഭിമുഖത്തിലും ആൾദൈവങ്ങളെയും അവരോട് സംഘപരിവാർ സ്വീകരിക്കുന്ന നിലപാടുകളെയും വിമർശിച്ച് സോമശേഖരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൈരളിക്കും അഭിമുഖം നൽകിയത്. മാതാഅമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയയെന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
ബാബ രാംദേവിനെ പോലുള്ളവർക്ക് വലിയ അധോലാക സാമ്രാജ്യമുണ്ട്. ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളർക്ക് വലിയൊരു അധോലോകമുണ്ട്. ആത്മീയതയുടെ കച്ചവടമാണ്ഇവർ ചെയ്യുന്നത്. കൊലപാതകങ്ങൾ ഉൾപ്പെടെ പല തരം കുറ്റകൃത്യങ്ങൾ ഇവരുടെ കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മത മാഫിയകളെന്ന് വിളിക്കുന്നത്.
രാംദേവിനെയും ശ്രീ ശ്രീയെയും പോലുള്ളവരെ അടുപ്പിക്കരുത്. ഇത്തരം മാഫിയകളെ നിലക്ക് നിർത്താനും നടപടി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം ആളുകളുമായി സംഘപരിവാറിന്റെ ചില നേതാക്കന്മാർ ഉൾപ്പെടെ പുലർത്തുന്ന ബന്ധത്തിൽതനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post a Comment