ധോണിയോടു യോഗ്രാജ് സിങ്, അതെല്ലാം മറന്നേക്കൂ ...
ചണ്ഡീഗഡ്: മൂന്ന് വര്‍ഷം മുന്‍പ് മകനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്നു പുറത്താക്കാന്‍ കൂട്ടുനിന്ന എം.എസ്. ധോണിയോടു ക്ഷമിച്ചതായി യുവ്രാജ് സിങ്ങിന്റെ പിതാവ് യോഗ്രാജ് സിങ്.
2011 ഏകദിന ലോകകപ്പിലെ താരമായിരുന്ന യുവ്രാജിനെ ടീമില്‍നിന്നു പുറത്താക്കിയത് ധോണിയാണെന്നു യോഗ്രാജ് മുന്‍പ് ആരോപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ യുവ്രാജ് സിങും ധോണിയും ചേര്‍ന്ന് 38.2 ഓവറില്‍ 256 റണ്‍ കൂട്ടുകെട്ടുണ്ടാക്കിയതാണ് യോഗ്രാജ് സിങ്ങിന്റെ മനംമാറ്റത്തിനു കാരണമായത്. പഞ്ചാബി സിനിമാ താരം കൂടിയായ യോഗ്രാജ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ സമകാലികനായ ബൗളര്‍ കൂടിയായിരുന്നു.
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് യുവ്രാജ് സിങ് ഏകദിന ടീമില്‍ തിരിച്ചെത്തിയത്. 295 -ാം ഏകദിനം കളിക്കുന്ന യുവി 127 പന്തില്‍ 150 റണ്ണുമായി തിരിച്ചുവരവ് ആഘോഷമാക്കി. 2011 ലെ ലോകകപ്പിലെ സെഞ്ചുറിക്കു ശേഷം ആദ്യമായാണു യുവി മൂന്നക്കം കടക്കുന്നത്. ശ്വാസകോശ അര്‍ബുദത്തിനു യു.എസില്‍ ചികിത്സ തേടിയ യുവ്രാജ് ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ മികവ് പുലര്‍ത്താനായില്ല. ''ദൈവം ധോണിയെ രക്ഷിക്കട്ടെ'' - ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തില്‍ യോഗരാജിന്റെ ധോണിയോടുള്ള വെറുപ്പ് ഇല്ലാതായി. കട്ടക്കില്‍ ധോണി സെഞ്ചുറിയടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. യുവിയുടെ ക്രിക്കറ്റ് കരിയറിലെ മൂന്ന് വര്‍ഷങ്ങള്‍ നഷ്‌ടപ്പെടുത്തിയത് ധോണിയാണ്. കട്ടക്കിലെ ബാറ്റിങ് പ്രകടനത്തോടെ ധോണിക്കു പിഴവ് ബോധ്യമായിട്ടുണ്ടാകും- യോഗ്രാജ് തുടര്‍ന്നു.
ക്രീസില്‍നില്‍ക്കുമ്പോള്‍ ധോണി നല്‍കിയ ധൈര്യമാണു സെഞ്ചുറിയടിക്കാന്‍ പ്രേരണയായതെന്നു സ്‌റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ യുവി വ്യക്‌തമാക്കിയിരുന്നു. മൂന്ന് വിക്കറ്റ് നഷ്‌ടപ്പെട്ടു പതറിനിന്ന സമയത്ത് ധോണിക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാനാണു താന്‍ ശ്രമിച്ചതെന്നും യുവി പറഞ്ഞു. ഇന്ത്യന്‍ ടീമില്‍നിന്നു പുറത്തായപ്പോള്‍ കരിയറിനോടു വിടപറയാന്‍ ആലോചിച്ചിരുന്നതായും യുവ്രാജ് വെളിപ്പെടുത്തി.
Post a Comment