ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ രവിചന്ദ്രന്‍ അശ്വിന്‍

ദുബായ്‌: ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‌. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ്‌ രവിചന്ദ്രന്‍ അശ്വിന്‍. 2004-ല്‍ രാഹുല്‍ ദ്രാവിഡും 2010-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമാണ്‌ അശ്വിന്‌ മുമ്പ്‌ ഈ അവാര്‍ഡ്‌ നേടിയിട്ടുള്ള മറ്റ്‌ ഇന്ത്യന്‍ താരങ്ങള്‍. ടെസ്‌റ്റ്  ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരവും അശ്വിന്‍ സ്വന്തമാക്കി. ഈ വര്‍ഷം 12 ടെസ്‌റ്റില്‍ നിന്ന്‌ 72 വിക്കറ്റാണ്‌ അശ്വിന്റെ സമ്പാദ്യം.

ഈ വര്‍ഷത്തെ ഐ.സി.സി. ടെസ്‌റ്റ് ടീമില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും അശ്വിനാണ്‌. ഇംഗ്ലീഷ്‌ നായകന്‍ അലിസ്‌റ്റര്‍ കുക്കാണ്‌ ഐ.സി.സി. ടെസ്‌റ്റ് ടീം ക്യാപ്‌റ്റന്‍. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ലിക്ക്‌ ടെസ്‌റ്റ് ടീമില്‍ ഇടമില്ലാത്തത്‌ അമ്പരപ്പുളവാക്കുന്നു.

എന്നാല്‍ ഐ.സി.സി. ഏകദിന ടീമിന്റെ നായകന്‍ വിരാട്‌ കോഹ്ലിയാണ്‌. ഈ ടീമില്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ ഇടമില്ല.  ഏകദിന പ്ലയര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനാണ്‌. ഏകദിന ടീമില്‍ കോഹ്‌ലിക്ക്‌ പുറമെ രോഹിത്‌ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ്‌ മറ്റ്‌ ഇന്ത്യന്‍ താരങ്ങള്‍.

ബംഗ്ലാദേശിന്റെ മുസ്‌തഫിസുര്‍ റഹ്‌മാനാണ്‌ എമര്‍ജിങ്‌ പ്ലയര്‍ ഓഫ്‌ ദ ഇയര്‍. 2015 സെപ്‌റ്റംബര്‍ 14 മുതല്‍ 2016 സെപ്‌റ്റംബര്‍ 20 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.പാക്കിസ്‌താന്‍ ടെസ്‌റ്റ് ടീം നായകന്‍ മിസ്‌ബാ ഉള്‍ ഹഖിന്‌ സ്‌പിരിറ്റ്‌ ഓഫ്‌ ക്രിക്കറ്റ്‌ അവാര്‍ഡ്‌ നല്‍കും.

No comments

Powered by Blogger.