ജോമോന്റെ സുവിശേഷങ്ങള്‍


സമരകാലത്ത് കാത്തുകാത്തിരുന്ന ജോമോന്‍ സുവിശേഷങ്ങളുമായി എത്തിയത് പതിവ് സത്യന്‍ വിശേഷങ്ങളുമായാണ്; പക്ഷേ ദുല്‍ക്കര്‍ സല്‍മാന്റെ ശൈലിയില്‍. 'എന്നും എപ്പോഴും' എന്ന നിരാശയ്ക്കുശേഷം സത്യന്‍ അന്തിക്കാട് ഒരുക്കിയ 'ജോമോന്റെ സുവിശേഷങ്ങള്‍' ടിപ്പിക്കല്‍ സത്യന്‍ അന്തിക്കാട് സിനിമയാണ്. സത്യന്‍ ബ്രാന്‍ഡ് സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മടികൂടാതെ ടിക്കറ്റെടുക്കാനാവുന്ന കാഴ്ചയും.

സത്യന്‍ അന്തിക്കാടിന്റെ വിശേഷങ്ങളേക്കാള്‍ ദുല്‍ക്കര്‍ സല്‍മാന്റെ സുവിശേഷമാണിത്. സമ്പന്നനായി 'ജനിച്ചുപോയതിന്റെ' പതിവ് അസ്തിത്വദു:ഖങ്ങളൊന്നുമില്ലാതെ, തന്റെ ലവ്ബിള്‍ ബോയ് ഇമേജ് കൊണ്ട്, അസൂയ തോന്നുന്ന ഊര്‍ജം കൊണ്ട്, സ്‌ക്രീന്‍ നിറഞ്ഞു നില്‍ക്കുന്നതരത്തിലുള്ള ചുറുചുറുക്കുള്ള പ്രകടനം കൊണ്ട് ദുല്‍ക്കറിന്റെ സുവിശേഷമാണിത്. കുടുംബപ്രശ്‌നങ്ങളിലെ പ്രതിസന്ധികളുടെ സത്യന്‍ തന്നെ ആവര്‍ത്തിക്കുന്ന കഥകളുടെ മടുപ്പില്ലായ്മ ആദ്യവസാനം തോന്നാതിരിക്കുന്നതും ദുല്‍ക്കറിന്റെ ചാമിങ് എന്നുവിശേഷിപ്പിക്കുന്ന ഈ പ്രകടനമാണ്. ദുല്‍ക്കര്‍ അവതരിപ്പിച്ചിട്ടുളളവയില്‍ മുന്‍വേഷങ്ങളുടെ നിഴലുകളില്ലാത്തവനാണ് ജോമോന്‍. അതുകൊണ്ടുതന്നെ തന്റെ ശരീരത്തെ അനായാസമായി അഴിച്ചിട്ട് പുതിയ കാലത്തെ ചെറുപ്പക്കാരന്റെ 'കൂള്‍' ജീവിതം ദുല്‍ക്കറിന് കാഴ്ചവയ്ക്കാനാകുന്നുണ്ട്. ശരിക്കും ശരാശരി മാത്രമാകുന്ന ചിത്രത്തെ പലപ്പോഴും രക്ഷിച്ചെടുക്കുന്നത് ദുല്‍ക്കറിന്റെ ഈ 'കൂള്‍നെസ്സാണ്'. അല്ലെങ്കില്‍ ജീവിക്കാന്‍ പാടുപെടുന്ന റിയല്‍ എസ്‌റ്റേറ്റുകാരന്റെയും നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ ജയിലില്‍ പെടുകയും ചെയ്യുന്ന ബിനാമിയുടേയും കഥനകഥയായിപ്പോയേനെ ഈ സുവിശേഷങ്ങള്‍.

സത്യന്റെ തന്നെ മുന്‍ചിത്രങ്ങളായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വിനോദയാത്ര എന്നീ സിനിമകളെയും വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെയും ഓര്‍മിപ്പിക്കുന്നുണ്ട് സിനിമയുടെ പ്ലോട്ട്. വിനോദയാത്രയിലെ വിനോദിനെപ്പോലെ ഉത്തരവാദിത്തങ്ങളോട് അലസനും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയിയെപ്പോലെ പിതാവിന്റെ ലാളനയില്‍ സുഖിമാനുമാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന ജോമോന്‍. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ പോലെയാണ് ആദ്യപകുതി. തൃശൂരിലെ അതിസമ്പന്നനായ വിന്‍സെന്റിന്റെ എം.ബി.എ. പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന ജോമോന്റെ ഉത്തരവാദിത്തരഹിത ആഡംബരക്കാഴ്ചകളിലേക്കാണ് ആദ്യപകുതി. രണ്ടാംപകുതിയെത്തുമ്പോള്‍ പിതാവിനെ സഹായിക്കാനൊരുങ്ങുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജെറിയാകും ജോമോന്‍. അതുതാനല്ലെയോ ഇത് എന്ന ആശങ്കകള്‍ക്കിടയിലും സിനിമ ലളിതനര്‍മങ്ങള്‍ കൊണ്ട്, ഹൃദ്യവും വൈകാരികവുമായ മുഹൂര്‍ത്തങ്ങള്‍കൊണ്ട് ആസ്വദിക്കാവുന്ന കാഴ്ചയാകുന്നുണ്ട്. പ്രത്യേകിച്ച് മുകേഷ് -ദുല്‍ക്കര്‍ കോമ്പിനേഷനുള്ള അച്ഛന്‍ മകന്‍ ബന്ധം. സനിമയുടെ ഒരു യു.എസ്.പിയും ഈ ഒരു കോമ്പിനേഷനെ അതിവൈകാരികതയില്ലാതെ എന്നാല്‍ പതിവു സത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി അവതരിപ്പിച്ചിരിക്കുന്നതാണ്.

കാക്കമുട്ടൈ എന്ന തമിഴ്ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് ആണ് നായിക. സത്യന്‍ ചിത്രത്തിലെ നായികമാര്‍ പൊതുവേ അലസനായ നായകനെ നേര്‍വഴിക്കു നടത്താനുള്ള ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി ഗേള്‍സ് ആണെങ്കിലും ഐശ്വര്യ അവതരിപ്പിക്കുന്ന വൈദേഹി ആ വഴിക്കല്ല. രണ്ടാംപകുതിയുടെ പകുതിയിലാണ് വൈദേഹി എന്ന നായിക പ്രത്യക്ഷപ്പെടുന്നതും. അനുപമ പരമേശ്വരനാണ് മറ്റൊരു നായിക. കാതറിന്‍ എന്ന സമ്പന്നയായ നായികയെഅനുപമ ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്നസെന്റ്, മുത്തുമണി, ഇര്‍ഷാദ് തുടങ്ങി സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ടീമിനൊപ്പം തമിഴ്‌നടനായ മനോബാല, വിനുമോഹന്‍, ശിവജി ഗുരുവായൂര്‍, ജേക്കബ് ഗ്രിഗറി എന്നിവരും മറ്റുവേഷങ്ങളവതരിപ്പിക്കുന്നു.

വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഇമ്പമുള്ള മൂന്നുപാട്ടുകളുണ്ട് സിനിമയില്‍. എസ്. കുമാറിന്റെ ഛായയും മികച്ചുനിന്നു. തിരുപ്പൂര്‍ എന്ന നെയ്ത്തുഗ്രാമാണ് സിനിമയുടെ രണ്ടാംപകുതിയിലെ പശ്ചാത്തലത്തിലേറെയും. നെയ്ത്തുശാലകളിലൂടെയുളള ഈ ദൃശ്യങ്ങളും അതിന്റെ ചിത്രീകരണവും ജോമോന്റെ സുവിശേഷങ്ങള്‍ക്കു പതിവു സത്യന്‍ സിനിമകള്‍ക്കില്ലാത്ത ഒരു ആംബിയന്‍സ് നല്‍കുന്നുണ്ട്.

ചിലപ്പോഴൊക്കെ ലക്ഷ്യമില്ലാതെ നീങ്ങുന്നുവെന്നു തോന്നുന്ന ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥ രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യം കൂടി സ്വീകരിക്കുന്നതോടെ മുഷിപ്പിക്കാന്‍ സാധ്യതയുണ്ട്. ആഖ്യാനശൈലിയില്‍ സത്യന്‍ പരീക്ഷണങ്ങള്‍ക്കൊന്നും ശ്രമിക്കുന്നില്ലെങ്കിലും ആദ്യപകുതിയിലെ ചിലയിടങ്ങളില്‍ സത്യന്‍ സിനിമകളില്‍ കണ്ടുപരിചയമില്ലാത്ത ഒരു ട്രീറ്റ്‌മെന്റും അനുഭവപ്പെടുന്നുണ്ട്.

No comments

Powered by Blogger.