അമ്മയുടെ കണ്ണ് ചികിത്സിക്കാന്‍ അന്ന് കാശുണ്ടായിരുന്നില്ല.ഇന്നും കാഴ്ചയില്ലാത്തവരെ കാണുമ്പോള്‍ ഞാനമ്മയെ ഓര്‍ക്കും.. 100 പേര്‍ക്ക് സൗജന്യ ചികിത്സ സഹായവുമായി നടന്‍ ദിലീപ്


ചാലക്കുടി: ”ജോലി ചെയ്യുമ്പോള്‍ അമ്മയുടെ കണ്ണില്‍ പൊടി വീണു. ആരോടും പരിഭവം പറയാതെ വേദന സഹിച്ച് അമ്മ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ദിവസങ്ങള്‍ പിന്നിട്ടതോടെ രോഗം മൂര്‍ച്ഛിച്ചു. അവസാനം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല.അങ്ങനെ അമ്മയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു….” വാക്കുകള്‍ കിട്ടാതെ നിറകണ്ണുകളോടെ പ്രിയതാരം ദിലീപ് ഇത്രയും പറഞ്ഞൊപ്പിച്ചപ്പോള്‍ വേദിയിലും സദസിലും ഉണ്ടായിരുന്നവരെ പോലും ഈറനണിയിച്ചു. ദിലീപിന്റേയും കൂടി ഉടമസ്ഥതയിലുള്ള ഐ. വിഷണ്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ജനപ്രിയതാരം ദിലീപ്.
മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തി. സാമ്പത്തികനില മെച്ചപ്പെട്ടു.കാഴ്ചശേഷിയില്ലാത്തവരെ കാണുമ്പോള്‍ അമ്മയുടെ മുഖമാണ് തെളിഞ്ഞുവരിക. അങ്ങനെയാണ് ഐ വിഷന്‍ കണ്ണാശുപത്രിക്ക് തുടക്കമായത്.പറഞ്ഞ് മുഴുവനാക്കുമ്പോഴേക്കും ദിലീപിന്റെ കണ്ണുകള്‍ നിറയും
കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ച ഐ വിഷന്‍ നേത്രാശുപത്രിയുടെ സഹകരണത്തോടെ ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി.ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നൂറ് പേര്‍ക്കാണ് സൗജന്യമായി കൃഷ്ണമണി മാറ്റിവച്ച് നല്‍കുന്നത്. പ്രതിവര്‍ഷം ഇതിനായി മാത്രം അരക്കോടി രൂപ ചെലവ് വരും. തുടര്‍ ചികിത്സക്കും അവസരം ഒരുക്കും.
സാധാരണക്കാരനായെത്തിയ ദിലീപ് ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബി.ഡി.ദേവസി എം.എല്‍.എ.അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍, ഡോ.രാധാരമണന്‍, ഡോ.അനിറ്റ ജബ്ബാര്‍, വാര്‍ഡ് കൗണ്‍സിലറും മാധ്യമപ്രവര്‍ത്തകനുമായ വി.ജെ.ജോജി, നഗരസഭ കൗണ്‍സിലര്‍മാരായ കെ.എം.ഹരിനാരായണന്‍, ബിന്ദു ശശികുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ലാലുമോന്‍ ചാലക്കുടി, ഡോ.വിദ്യാസാഗര്‍ എന്നിവര്‍ സംസാരിച്ചു.

No comments

Powered by Blogger.